1/9/09

കിരണ്‍ തോമസ് തോമ്പിലിന്റെ ‘ചങ്ങനാശേരിയിലെ ചാ‍ന്തു പൊട്ടുകളുടെ‘ പ്രതികരണമായി ചില സംവരണ ചിന്തകള്‍

കിരണിന്റെ പോസ്റ്റ് ഇവിടെ വായിക്കാം.

കിരണ്‍ തോമസ് തിരഞ്ഞെടുത്ത ഈ ഹെഡിംഗ് കൊള്ളാം എന്നു പലരും പറഞ്ഞു, ഞാനും കൂടി പറയട്ടെ. കിരണിന്റെ പോസ്റ്റില്‍ കമന്റുകളായി വന്ന ചില സംവരണ ചിന്തകളോടുള്ള ഒരു പ്രതികരണമാണ്‍് ഈ കമന്റ്. എഴുതി വന്നപ്പോള്‍ ഒരു പോസ്റ്റായി. അതുകൊണ്ട് ഞാന്‍ എന്റെ കമന്റു ശേഖരത്തില്‍ ഇടുന്നു.

കിരണിന്റെ പോസ്റ്റില്‍ ജോജു എഴുതി:

ജനസംഖ്യയ്ക്ക് ആനുപാതികമായ നിയമനം നടക്കുന്നു എന്നു ഉറപ്പുവരുത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നു ഞാന്‍ കരുതുന്നില്ല്ല. സാമൂഹികമായ പിന്നോക്കാവസ്ഥ വളര്‍ച്ചയ്ക്ക് തടസം നില്‍കുന്നില്ലാത്തവരെ സംബന്ധിച്ചിടത്തോളം അത് സ്വന്തം ബാധ്യത മാത്രമാണ്. അതേ സമയം സാമൂഹികമായ പിന്നോക്കാവസ്ഥയുള്ളവര്‍ക്ക് സംവരണം കൂ‍ടിയല്ലാതെ മുന്നോട്ടുവരിക അസാധ്യം തന്നെയാണ്. ഈ രീതിയില്‍ ചിന്തിച്ചാല്‍ NSS നു സാമുദായിക സംവരണത്തിന് അര്‍ഹതയില്ല.

ജനസംഖ്യക്ക് ആനുപാതികമായി ഗവണ്മെന്റുനിയമനം നടത്തണം എന്നുറപ്പു വരുത്തേണ്ട സാഹചര്യങ്ങള്‍ എങ്ങനെ ഉണ്ടായി എന്നു നോക്കാം. ഒ.ബി.സി സവരണം പലരും ചിന്തിക്കുന്നതു പോലെ, അല്ലെങ്കില്‍ മറ്റു രാജ്യങ്ങളില്‍ സംഭവിക്കുന്നതുപോലെ മുന്നോക്കരുടെ ചരിത്രപരമായ വിവേചനത്തിന്റെ തിരുത്തല്‍ ആയിട്ടല്ല ഇന്ത്യയില്‍ കാണുന്നത്. എന്നു മാത്രമല്ല, മുന്നോക്കര്‍ ഒരു കറുത്ത ശക്തിയായി ഇതിനെതിരെ പ്രവര്‍ത്തിക്കയും ചെയ്യുന്നു. ഇതിനിടയില്‍ ഒരു സമതുലന ശക്തിയായാണ് ഗവണ്മെന്റുകള്‍ പ്രവര്‍ത്തിക്കേണ്ടത്.

ഈ സാഹചര്യത്തില്‍, നമ്മുടെ രാജ്യത്തെ സംവരണത്തിന്റെ പിന്നാമ്പുറ രഹസ്യങ്ങള്‍ ഏറെക്കുറെ മനസിലാക്കണമെങ്കില്‍, നരേന്ദ്രന്‍ കമ്മീഷന്റയും പരിഷത്തിന്റെ കേരള സംവരണപഠനത്തിന്റയും ഒക്കെ സാക്ഷാല്‍ മാതാവായ മണ്ഡല്‍ കമ്മീഷന്റെ രൂപികരണം തൊട്ട്, അതിന്റെ നടപ്പിലാക്കല്‍ തുടങ്ങി, അവിടെ‍ നടന്ന സംവരണസംബന്ധിയായ അനേക സംഭവങ്ങളും അതിനേതുടര്‍ന്നു നമ്മുടെ ബഹുമാനപ്പട്ട നീതിപീ‍ഠം നിര്‍മ്മിച്ച നിയമങ്ങളും കുറച്ചെങ്കിലും മനസിലാക്കണം.:).

കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ഈ ചാന്തുപൊട്ടുകളുടെ ജാതി-വര്‍ഗ-കര്‍ഷക-സുരക്ഷസേനാ-വിദ്യാര്‍ഥി-കൊര്‍പറേറ്റ്-ഉന്നത വിദ്യാഭ്യാസസ്ഥാപന-മാധ്യമ-രാഷ്ട്രീയ-ശക്തികളെല്ലാം ഒരു കുടക്കീഴില്‍ അണിഞ്ഞൊരുങ്ങി ഒരേശക്തിയോടെ ഒരേ മനസോടെ പിന്നോക്കനോടു പോരാടിയ ഒരവസരം കൂടിയായിരുന്നു അത്.

മണ്ഡല്‍ കമ്മീഷനെതിരെ ഉയര്‍ന്ന മുകളില്‍ പറഞ്ഞ വര്‍ഗീയ മുന്നോക്കത്തിന്റെ നിയമപരമായ കലാശ്ശമായിരുന്നല്ലോ ഇന്ത്യയുടെ പരമോന്നത നീതി പിഠത്തിന്റെ വിധി( Indira Shawney I). കൂടുതല്‍ വിവര്‍ങ്ങള്‍ക്ക് ഇവിടെ ഞെക്കുക

ഈ കോടതി വിധിയിലൂടെയാണല്ലൊ മണ്ഡല്‍ കമ്മീഷന്‍ റെക്കമെന്റു ചെയ്ത 27% ഒബിസി ജോലി സംവരണത്തില്‍, ക്രീമിലെയര്‍ കട്ട് ഓഫ് തന്ത്രം നിയമപരമായി പ്രാബല്യത്തിലാക്കി, ഇന്ത്യയുടെ ചാന്തുപൊട്ടുകള്‍ ഒ.ബി.സി വികസനത്തിന്റെ മുനയൊടിക്കുന്നതില്‍ ആദ്യം വിജയിച്ചത്.

അതേത്തുടര്‍ന്നാണ്‍് കേരള ഗവണ്മെന്റ്, Kerala State Backward Classes Act, 2.9.1995 ല്‍ പാസാക്കിയത്.

ആ ബില്ലിനെതിരെ ആദ്യമായി കോടതിയില്‍ പോയത് എന്‍ എസ്.എസ് ആയിരുന്നു എന്നുള്ളത് വളരെ ശ്രദ്ധേയമാണ്‍്.

ബില്ലിന്റെ പ്രധാനപ്പെട്ട രണ്ടു വകുപ്പുകളായിരുന്നു.

Article (3) Declaration: - It is hereby declared, having regard to known facts in existence in the State—
(a) That there is no socially advanced sections in any Backward Classes who have acquired capacity to compete with forward Classes; and
(b) That the Backward Classes in the State still not adequately represented in the service under the State and they continue to be entitled to reservation under clause (4) of Article 16 of the Constitution”.

കെരളത്തിലെ വോട്ടുബങ്കു രാഷ്ട്രീയം ഈ ബില്ലിന്റെ പശ്ചാത്തലത്തെ വളരെ നാടകീയ‍മാക്കിയിരുന്നു എങ്കിലും ഈ ക്ലോസുകള്‍ സത്യത്തോട് അടുത്തു നില്‍ക്കുന്നവയായിരുന്നു എന്നു കാണാം. പക്ഷെ അതിനാവശ്യമായ തെളിവെടുപ്പുകള്‍ കേരള ഗവണ്മെന്റ് നടത്തിയില്ല.

സുപ്രീം കോടതി ഒരു കമ്മീഷനെ (കെ.ജെ.ജോസഫ് കമ്മീഷന്‍) നിയമിച്ചു പഠനം നടത്തുകയും കേരള ഒ.ബിസി ആക്റ്റില്‍ പറഞ്ഞതിനെതിരായി കേരളത്തില്‍ ഒരു ക്രീമി ലെയര്‍ ഉണ്ടെന്നും ഒ.ബി.സിക്ക് ഗവ. ജോലിയില്‍ ജനസംഖ്യയ്ക്കനുസരണമായി 27 % പ്രാതിനിധ്യം ഉണ്ട് എന്നും റിപ്പോര്‍ട്ടു ചെയ്തു. ആ പഠനത്തിന്റെ സാധുതയെ അനേക സംഘടകള്‍ ചോദ്യം ചെയ്തു എങ്കിലും പരാതിക്കാരായ എന്‍‘എസ്.എസിനനുകൂലമായാണ്‍് നമ്മുടെ പര‍മാധികാര നീതിപീഠം വിധിപറഞ്ഞത്. വിധിയില്‍ കേരളത്തിന്റെ ഒ.ബിസി. ആക്റ്റ് അസാധുവായി പ്രഖ്യാപിക്കയും ചെയ്തു.


അപ്പോള്‍ ജനസംഖ്യക്കനുപാതമായ ഗവണ്മെന്റു ജോലി പ്രാതിനിഥ്യം ഒബിസിക്കു മാത്രം വേണമെന്നു പറഞ്ഞാല്‍ മതിയോ? മറ്റുള്ളവരുടെയും ഗവണ്മെന്റു ജോലിയിലുള്ള അനുപാതം എന്തെന്നു ചിന്തിക്കേണ്ടതും ഗവണ്മെന്റിന്റെ ആ വശ്യമല്ലേ? നിതിന്യായപരമായി പബ്ലിക് ഫണ്ട് ഉപയോഗിക്കണമെന്ന ഉത്തരവാദിത്വമുള്ള ഏതൊരു ഗവണ്മെന്റിനും അതു ബാധകമാണ്‍്.


അതു പോലെ ക്രീമിലെയര്‍ കോണ്ടു വന്നതിനുന്നയിച്ച ഒരു കാരണം ഒബിസിയിലെ മുന്നോക്കര്‍ മാത്രം വീണ്ടും സംവരണം ഉപയോഗിച്ചു മുന്നേറുന്നത് ‍ അവരിലെ പിന്നോക്കനെതിരെ കാണിക്കുന്ന വിവേചനമാണെന്നാണല്ലോ? അങ്ങനെയെങ്കില്‍ അതു മുന്നോക്കനും ബാധകമല്ലേ? അവരിലും മുന്നോക്കര്‍ പിന്നോക്കര്‍‍ക്കു വെണ്ടി സ്ഥലമൊഴിക്കണം. ഇതിനൊക്കെ ഇവിടൊക്കെ ആനുപാതിക കണക്കുകള്‍ ഗവണ്മെന്റു നോക്കണം.

ഇനിയും ഈ കോടതി വിധിയില്‍ ഉന്നയിച്ചതു പോലെ, കേരളത്തിലെ ഒബിസി ആഡിക്കേറ്റ്ലി ഗവ്. ജോലീയില്‍ പ്രാതിനിഥ്യം ഉണ്ടായിരുന്നോ? ഇല്ല എന്നാണ്‍് പിന്നീടു നടന്ന പഠനങ്ങള്‍ തെളിയിക്കുന്നത്. അപ്പോള്‍ പിന്നെ എന്തായിരുന്നു സംഭവിച്ചത്. ക്രീമി ലെയറിനെ ഒബിസിയുടെ 27%ത്തില്‍ നിന്നു തള്ളീക്കളഞ്ഞപ്പോള്‍ പല തസ്തികകളിലും ഓബിസി സീറ്റുകള്‍ ഒഴിവായി. കണക്കനുസരിച്ച് മുന്നോക്കന്റെ ഗവ. ജോലി പ്രാതിനിഥ്യം കൂടുതലാണ്‍് എന്നും പഠനങ്ങള്‍ തെളീയിക്കുന്നു. അപ്പോള്‍ ഓ.ബി.സി ക്വോട്ടയില്‍ നിറയാതെ വരുന്ന ഒഴിവുകളില്‍ മുന്നോക്കനെ നിറക്കാം.

അതായത്, പിന്നോക്കരിലെ യോഗ്യരെ ക്രീമിലെയറിന്റെ പേരില്‍ നീക്കിയിട്ട് മുന്നോക്കനെ അവനെ തിരുകുക. ഇതാണ് ക്രീമിലെയര്‍ ‍ പ്രസ്ഥാനത്തില്‍ മുന്നോക്കന്‍ കണ്ട കണ്ണ്. അല്ലാതെ പിന്നോക്കരിലെ പിന്നോക്കനോടു കാരുണ്യം തോന്നിയിട്ടൊന്നുമല്ല. ഇതു കൂടുതല്‍ താഴെ വ്യക്തമാക്കുന്നുണ്ട്.

ജോജു പറയുന്നു:
വയലാര്‍ രവിയെ പോലുള്ളവര്‍, ക്രീമീലെയറില്‍ പെടാത്തവരില്ലാത്തപക്ഷം സമുദായത്തിന് അര്‍ഹതപ്പെട്ട നിയമന ശതമാനം ക്രീമിലെയറില്‍ ഉള്ളവര്‍ക്കു കൊടുക്കണമെന്ന ചിന്താഗതിക്കാരാണ്. ഇതാവട്ടെ പിന്നോക്ക സമുദായക്കാരൊഴികെയുള്ളവോടുള്ള നീതി നിഷേധവുമാണ്.


വയലാര്‍ രവി പറയുന്നതിത്രേ ഉള്ളു. ഒ.ബി.സി ക്വോട്ടയില്‍ യോഗ്യതയില്ലാത്തതിന്റെ പേരില്‍ ഒഴിവു വരുന്ന വേക്കന്‍സി മുന്നോക്കത്തിനു കൊടുക്കാതെ ക്രീമി ലെയറിനു കൊടുക്കണം. അതിലെന്താ ഒരു കുഴപ്പം. ക്രീമിലെയറില്‍ മുന്നോക്കന്റെ കുരുട്ടുപുത്തിയുടെ മുനയൊടിക്കുന്നു വയലാര്‍ രവി.
അതു മുന്നോക്കനോടുള്ള നീതി നിഷേധമാകുന്നതെങ്ങനെ? ഒന്നു വിശദീകരിക്കുമെന്നു കരുതുന്നു.

അതുപോലെ ജോജു‍ എഴുതി:

സംവരണം മൂലം സാമൂഹികവും സാമ്പത്തികവുമായ പുരോഗതി കൈവരിച്ചവരുടെ പിന്‍‌തലമുറ സംവരണം അടക്കമുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് തങ്ങളുടെ സമുദായത്തിലെ തന്നെ പിന്നോക്കക്കാരോടും മറ്റും മുന്നോക്ക സമുദായങ്ങളോടും ചെയ്യുന്ന നീതി നിഷേധമാണ്. സര്‍ക്കാരാകട്ടെ(കേന്ദ്രസര്‍ക്കാരാണെന്നു തോന്നുന്നു) ക്രീമിലെയര്‍ പരിധി ഉയര്‍ത്തിക്കൊണ്ടുമിരിക്കുന്നത്. ഈ അവസ്ഥയില്‍ NSS ന്റെ സാമ്പത്തിക സംവരണം വാദങ്ങളില്‍ കഴമ്പുണ്ട്.

അതെ സവരണം മൂലം സാമ്പത്തിക പുരോഗതി നേടിയ ഒബിസിയെ തളക്കാനല്ലേ ഈ ക്രീമിലെയര്‍ ഏര്‍പ്പാട്. പിന്നെന്തോന്നു നിഷേധം. ഇനി ക്രീമി ലെയര്‍ പരിധി ഉയര്‍ത്തിയത്. അതു ഞാന്‍ താഴെ വിശദമാക്കാം. പക്ഷെ ചാന്തുപൊട്ടു താല്പര്യമല്ലാതെ ഒന്നും ഇവിടെ എന്‍’എസ്.എസിനില്ല എന്നു വിനീത്മായി പറഞ്ഞുകൊള്ളട്ടെ.
കിരണ്‍ തോമസ് എഴുതി:

NSS പ്രധാനമായും ഉയര്‍ത്തുന്ന വാദം ഉയര്‍ന്ന ക്രീമിലെയര്‍ പരിധി തന്നെയാണ്‌ അതില്‍ കഴമ്പുണ്ട്‌ താനും. എന്നാല്‍ ഒരു പരിധിവരെയെങ്കിലും അതായത്‌ 10% എങ്കിലും സാമ്പത്തിക സംവരണവും നല്‍കേണ്ടതാണ്‌ എന്നാണ്‌ എന്റെ പക്ഷം. ക്രീമിലെയര്‍ പരിധി ഉയര്‍ത്തുമ്പോള്‍ മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാര്‍ക്കും ഒരു കൈ സഹായം നല്‍കേണ്ടതാണ്‌. കോടതി വിധികള്‍ സാമ്പത്തിക സംവരണത്തിന്‌ എതിരാണ്‌ എന്ന് തോന്നുന്നു.

കൊടുത്തേട്ടെ നമ്മുടെ ഗവണ്മെന്റു എല്ലോര്‍ക്കും കൊടുക്കട്ടെ, അതൊരു വെല്ഫെയര്‍ സ്റ്റേറ്റ് ആകട്ടെ. പക്ഷെ നായര്‍ക്കും അതുപോലെ മുന്നോക്കനെന്നു സ്വയം പറയുന്നവര്‍ക്കും സവരണം ഏര്‍പ്പെടുത്തുന്നതിന്റെ ന്യായീകരണം ഒന്നറിയണമല്ലോ.


ജാതിയില്‍ മുന്നോക്കം നില്‍ക്കുന്നു എന്നു നായര്‍ സ്വയം അവകാശപ്പെടുമ്പോള്‍, അതെന്തിന്റെ പെരിലാണ്‍് ? അവര്‍ സാമൂഹ്യമായി മറ്റുള്ളവരേക്കാള്‍ മുന്നോട്ടു നില്‍ക്കുന്നു എന്ന ധ്വനിയാണ്‍് അതില്‍. ഒരു ഗവണ്മെന്റിന്റെ റിസോഴ്സാണ്‍് പൊതു തൊഴില്‍ മേഘല. അവിടെയും ഇപ്പോഴത്തെ പഠനങ്ങള്‍ തെളിയിക്കുന്നതനുസരിച്ച് ഈ മുന്നോക്കര്‍ അവര്‍ക്കു അവകാശമില്ലാത്തതു കള്ളത്തരത്തില്‍ (ഒബിസിയുടെ ക്രീമി ലെയറില്‍ കടന്നു പറ്റിക്കൊണ്ട്) കൈവശപ്പെടുത്തുകയാണ്‍് .

മുന്നോക്കനെന്നു പരഞ്ഞു വേഷം കെട്ടുകയും പിന്നോക്കന്റെ ചട്ടിയില്‍ വീണ്ടും കൈയ്യിട്ടു വാരാന്‍ ശ്രമിക്കയുമാണ്‍് ഈ ചാന്തുപൊട്ടുകള്‍.

മുന്നോക്കനെന്നു സ്വയം അവകാശപ്പെടുന്ന ജാതികളെല്ലാം, തങ്ങള്‍ സമൂഹത്തില്‍ മുന്നോക്കരാണ് എന്നതു പ്രകാശിപ്പിക്കുന്നതിനുള്ള അടയാളങ്ങളെയെല്ലാം കാത്തു സൂക്ഷിക്കണമെന്നു ശക്തിപൂര്‍വം വാദിക്കുന്നവരാണ്‍്. ഈ ബ്ലോഗ്ഗൊസ്പിയറില്‍ തന്നെ എത്ര ഉദാഹരണങ്ങള്‍. ഈ അടയാളങ്ങള്‍ക്ക് എന്തെങ്കിലും വിലയുണ്ട് എന്നല്ല. ആ അടയാളങ്ങള്‍ പോലും തങ്ങളുടെ മുന്നോക്ക (?)ചിഹ്നങ്ങളായി വേണം എന്നു വീറോടെ വാദിക്കുന്നവര്‍ക്ക് എന്തിന്റെ പേരിലാണ്‍് റിസര്‍വേഷന്‍:)

കിരണിന്റെ പോസ്റ്റു തന്നെ നായരുടെ സാമൂഹ്യ -രാഷ്ട്രീയ ജല്പനങ്ങളേക്കുറിച്ചാണല്ലോ. അതു സമൂഹ്യ സമാധാനത്തെ ഇല്ലാതാക്കന്‍ കഴിവുള്ള പോര്‍വിളി കൂടിയണ്‍്. ഒക്കെ ജാതിയുടെ പേരിലാണ്‍്. അവരില്‍ കൊറേ പേര്‍ക്ക് സംവരണം കൊടുത്താല്‍ അവര്‍ ഈ പോര്‍വിളീയുടെ ഏതുഭാഗത്തു നില്‍ക്കും?

സാമ്പത്തികമായി പാപ്പരായ മുന്നോക്കന്‍ ജാതി അടയാളങ്ങള്‍ ഉപേക്ഷിക്കട്ടെ, എന്നിട്ടു മനുഷ്യരാകട്ടെ, അപ്പോല്‍ അവര്‍ക്കു ജനകീയ പരിഗണന മറ്റുള്ളവര്‍ക്കൊപ്പമായി കൊടുക്കുന്നതില്‍ തെറ്റില്ല എന്നാണ്‍് എന്റെ തോന്നല്‍.

പിന്നെ ഈ മുന്നോക്കമെന്നു പറയുന്നതു ഒരു തരം നേതൃത്വമാണെന്നാണ്‍് ഈ ചാന്തുപൊട്ടുകള്‍ അവകാശപ്പെട്ടു വശായിരിക്കയാണ്‍്. സ്വന്തം കാര്യം സിന്ദാബാദു വിളിക്കയാണ്‍് ഇവര്‍ക്കു നേതൃത്വം. എന്നെപ്പോലെയല്ലാത്ത മറ്റുള്ളവരെകുറച്ചു കൂടി ചിന്തിക്കുന്നവര്‍ക്കാണ്‍് നേതാക്കള്‍ എന്നു അവകാശപ്പെടാന്‍ കഴിയുക. ജനാധിപത്യത്തിന്റെ പരമമായ ആവശ്യവും നിലനില്‍‌പുമാണ്‍് അത്.

ജോജു ചോദിക്കുന്നു;
മതസംഘടകള്‍ക്കും ജാതിസംഘടകള്‍ക്കും ജനാധിപത്യപരമായ ഒരു അവകാശവും ഇല്ലെന്നോ? മതേതരത്വമെന്നാല്‍ മതമില്ലായ്മയാണെന്നു വിശ്വസിയ്ക്കുന്നവര്‍ അങ്ങിനെ പറഞ്ഞില്ലങ്കിലേ അത്ഭുതമുള്ളൂ

മതേതരത്വമെന്നു പരഞ്ഞാല്‍ ജോജു എന്താണ് മനസിലാക്കുന്നതെന്നറിഞ്ഞുകൂട.

ഒരു യദ്ധാര്‍ഥ മതേതര ജനാധിപത്യത്തില്‍, മത സംഘടകള്‍ക്ക് ചാന്തു പൊട്ടിനേക്കുറിച്ചും ഞായറാഴച് പ്രാര്‍ഥനയേക്കുരിച്ചും നിസ്കാരത്തേക്കുറിച്ചും തുടങ്ങുന്ന കാര്യങ്ങളേക്കുറിച്ചു പറയാം. പക്ഷെ ജനാധിപത്യം അവരട വകുപ്പല്ല. കാരണം, സെക്കുലറിസം പള്ളിയുടെയും സ്റ്റേറ്റിന്റെയും പരിപൂര്‍ണ്ണ വേര്‍തിരിവാണ്‍്.

അങ്ങനെയല്ലാതെയാണ്‍് വളരെ നാളുകളായി ഇന്ത്യയില്‍ ഈ ചാന്തുപൊട്ടുകളെല്ലാം പെരുമാറുന്നത്. എന്നതു കോണ്ട് അതു ശരിയാണെന്ന് അംഗീകരിക്കാന്‍ കഴിയില്ല.

കിരണ്‍ എഴുതി:
എന്തിന് ഇവിടെ ഒരു കാര്യം ഉറപ്പാണ്‌ സംവരണത്തില്‍ ക്രീമിലെയര്‍ വേണം എന്ന് പറയുന്ന് ഒരേ ഒരു രാഷ്ട്രീയപ്പാര്‍ട്ടി CPM ആണ്‌ അത്‌ EMS ന്റെ കാലം മുതലെ അവര്‍ പറയുന്ന കാര്യമാണ്‌. എന്നാല്‍ CPI അടക്കമുള്ള മറ്റ്‌ എല്ലാ രാഷ്ട്രീയ പാര്‍ട്റ്റികളും ( കേരള കോണ്‍ഗ്രസ്‌ ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞിട്ടുള്ളതായി കേട്ടിട്ടില്ല) ഇതിന്‌ എതിരാണ്‌ എന്നത്‌ ഒരു വിരോധാഭാസമായി തോന്നാം.

സി.പി.എം മാത്രം, ക്രീമി ലെയറിനെ അനുകൂലിക്കയും മറ്റെല്ലാവരും പ്രതികൂലിക്കയും ചെയ്തതിന്റെ കാരണം കിരണു നല്ലതു പോലെ അറിയാം എന്നു ഞാന്‍ കരുതുന്നു.

മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനോട് അതു നടപ്പാക്കണമെന്നു തീരുമാനിച്ചപ്പോഴും അതിനു മുന്‍പും ഉണ്ടായിരുന്ന ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളുടെയും സമീപനത്തെ കുറിച്ച് ദാ
ഇവിടെ പറയുന്നുണ്ട്.

പരമ്പരാഗതവും ചരിത്രപരവുമായ എല്ലാ അനീതിക്കും വിവേചനങ്ങള്‍ക്കും തത്വപരമായി എതിരു നിക്കുന്നു എന്ന ആദര്‍ശത്തിന്റെ പേരില്‍ നിലനില്‍ക്കുന്ന ഒരു പാര്‍ട്ടിയായാണ്‍് സി.പി.എം . എന്നിട്ടും അതെന്തുകൊണ്ട്, മണ്ഡല്‍ കമ്മിഷന്‍ നടപ്പിലാക്കുന്നതിനെ വളരെ തന്ത്രപരമായി എതിര്‍ത്തു എന്നുള്ളത് പലരെയും അത്ഭുതപ്പെടുത്തിയ ഒരു കാര്യമായിരുന്നു. പാര്‍ട്ടി സെക്രട്ടറി ആയിരുന്ന ഇ.എം എസ് ജാതിയുടെ പേരില്‍ കമ്മിഷനെ ഒരു വശത്തുകൂടി എതിര്‍ത്തപ്പോള്‍ മറുവശത്ത് അതേ ജാതിയുടെ പേരില്‍ കേരളത്തിലെ മുന്നോ‍ക്കര്‍ക്കു സാമ്പത്തിക സംവരണം വേണമെന്നു വരെ ആവശ്യപ്പെട്ടു.

ഒരു പക്ഷെ അതു പാര്‍ട്ടിയുടെ തീരുമാനമായിരുന്നോ അദ്ദേഹത്തിലെ നമ്പൂതിരിയുടെ തീരുമാനമായിരുന്നുവോ? മണ്ഡല്‍ കമ്മീഷനോടുണ്ടായ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ കേരളത്തിലെയും ബംഗളിലെയും തീരുമാനത്തില്‍ അതിന്റെ മുന്നോക്ക് നേതൃത്വം ദോഷമായ സ്വാധീനം ചെലുത്തിയിരുന്നു എന്നാണ്‍് മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ കൂടിയും അല്ലാതെയും ഞാന്‍ മനസിലാക്കിയത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പോലും ഇത്തരമൊരു വിഷയത്തില്‍ സ്വാധീനിക്കാന്‍ കഴിഞ്ഞു, ഇന്ത്യയിലെ അല്ലെങ്കില്‍ കേരളത്തിലെ മുന്നോക്ക നേതൃത്വത്തിന് എന്നുള്ളതില്‍ നിന്ന് ,അതിന്റെ വിഷവും വ്യാപ്തിയും ശക്തിയും മന‍സിലാക്കാവുന്നതേ ഉള്ളൂ.

മാര്‍ക്സിറ്റ് പാര്‍ട്ടിയിലെയും മറ്റു മുന്നോക്ക ജാതിയുടെയും ആഗ്രഹമനുസരിച്ച് മുന്നോക്ക ജാതികള്‍ക്കു സംവരണം നിയമപരമായി അംഗീകരിച്ചു കിട്ടിയില്ലെകിലും പകരമായി കിട്ടിയ കോമ്പ്രമൈസ് ആണ്‍് ക്രിമി ലെയര്‍. അതുകോണ്ടാണ്‍് മറ്റു പാര്‍ട്ടികള്‍ അതിനോടു അനുഭാവമില്ലാതിരുന്നതും. ഇങ്ങനെയാണ്‍് എന്റെ അറിവ് , അങ്ങനെയല്ല എങ്കില്‍ എഴുതുക.

ഏതൊരു ജനതയുടെയും സിവിലിറ്റി അളക്കുന്നത് അവര്‍ സമൂഹത്തിലെ പിന്നോക്കരെ എത്രമാത്രം തങ്ങള്‍ക്കൊപ്പമാക്കാന്‍ ശ്രമിക്കുന്നു എന്നുള്ളതിലാണ്‍്. ഇന്ത്യയിലെ സ്ഥിതിയോ?

ഇനി ക്രീമി ലെയറിന്റെ പരിധി ഉയര്‍ത്തല്‍.

ഗെവണ്മെന്റു ജോലിയിലെ പിന്നോക്കന്റെ ക്രീമിലെയറിനെകുറിച്ചു കരയുന്നവര്‍ അന്വേഷിക്കുന്നുണ്ടോ ഇന്ത്യയിലെ പ്രൈവറ്റ്/കോര്‍‌പറേറ്റ് ജോലിയില്‍ എത്ര ഒ.ബി.സി പ്രാതിനിഥ്യം ഉണ്ട് എന്ന്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 10% ത്തില്‍ കുറവാണ്‍്. പിന്നോക്കന്റെ പിന്നോക്കവസ്ഥയെ ഉള്‍ക്കൊള്ളേണ്ട് ആവശ്യം മെരിറ്റോക്രസിയില്‍ മാത്രം വിശ്വസിക്കുന്ന അതിന്റെ മാനേജുമെന്റുകള്‍ക്കില്ല എന്നവരുടെ വാദം.

1990ല്‍ നടപ്പാക്കിയതാണ്‍് ഗ്ലൊബലിസവും മാര്‍ക്കറ്റ് എക്കോണമിയും ഇന്ത്യയില്‍. 2007 ആയിട്ടും ഒബിസിയുടെ ഭൂരിപക്ഷവും മാര്‍ക്കറ്റിന്റെയും ഫൈനാന്‍സിന്റെയും പുറത്തു കിടക്കുന്നതായിരുന്നു അവസ്ഥ. അപ്പോഴേക്ക് ജാതി വിഭാഗീയതയ്ക്കതീതമായിരുന്നു ഡീജിറ്റല്‍ ഡിവൈഡ്. അതിനു വിദ്യാഭ്യ്യസത്തിലൂടെ ഒരു പരിഹാരമുണ്ടാക്കുന്നതിനു വേണ്ടിയാണ്‍് 2006 ല്‍ 93ആം ഭരണഘടനഭേദഗതിയിലൂടെ Central Educational Institutions (Reservation in Admission) Bill that was intended to provide 27% reservation in admission to Other Backward Castes പാസാക്കിയത്.

പതിവു പോലെ ബില്ലിനെതിരെ മുന്നോക്കത്തിന്റെ പരാതി അതേ തുടര്‍ന്നു 2007ല്‍ സുപ്രിം കോടതിയുടെ സ്റ്റെ. 2008ല്‍ ഒടുവില്‍ ബില്ലു നിയമമായപ്പോള്‍ അതാ വരുന്നു ക്രീമി ലെയര്‍ കടിഞ്ഞാണ്‍.

പക്ഷെ എങ്ങനെയാണ്‍് ഈ ക്രീമി ലെയറിനെ തിരിച്ചറിയുന്നത്. ആര്‍ക്കും പിടിയില്ല, ഒടുവില്‍ പരമാധികാരത്തിന്റെ ഉത്തരവായി, ഗെവ.ജോലിയുടെ വരുമാന പരിധി തന്നെ ഉപയോഗിക്കുക. പക്ഷെ 1992ലായിരുന്നു ആദ്യത്തെ ക്രീമിലെയര്‍ വരുമാന പരിധി തീരുമാനപ്പെടുത്തിയത്; പ്രതിവര്‍ഷവരുമാനം, 1ലക്ഷം രു. മൂന്നു കൊല്ലത്തിലൊരിക്കല്‍ ഈ വരുമാന പരിധി പുനര്‍നിര്‍ണയം ചെയ്യണമെന്നു നിയമം ഉണ്ടായിരുന്നിട്ടും 2008 വരെ അതു പുനര്‍നിര്‍ണയം ചെയ്തിരുന്നില്ല.

എന്നു പറഞ്ഞാല്‍ 2008ല്‍ ഒ.ബി.സി ഉന്നത വിദ്യാഭ്യാസ പ്രവേശനത്തില്‍ നിന്ന് ക്രീമി ലെയറിനെ തിരിച്ചറിയാനുപയോഗിച്ചത് 1992 ല്‍ ഗെവ. ജോലിക്കുപയോഗിച്ച ക്രൈറ്റീറിയ. ബഹുകേമമായിരുന്നില്ലേ അത്. തന്നെയുമല്ല അന്നു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് കുറഞ്ഞത് 3 ലക്ഷം രൂപ. ഇനി വായനക്കാരു പറയുക, 2008ല്‍ ക്രീമി ലെയര്‍ പരിധി ഉയര്‍ത്തണമായിരുന്നോ വെണ്ടയോ എന്ന്. അതേതു തരത്തിലാണ്‍് മുന്നോക്കരോടുള്ള അനീതി ആകുന്നത്, എന്ന്.

1992ലെ ക്രീമി ലെയര്‍ വരുമാന പരിധി 2008ല്‍ ഉപ്യോഗിച്ചത്, ഇന്ത്യയിലെ എത്ര ഒ.ബി.സി വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നം തകര്‍ത്തു എന്നുള്ളത് ആരെങ്കിലും അന്വേഷിച്ചുവോ? ഒ.ബിസി വിദ്യാര്‍ഥികള്‍ അങ്ങനെയൊക്കെ സ്വപം കാണുന്നതെന്തിനാ അല്ലേ.

മണ്ഡല്‍ കമ്മീഷന്റെ ഇമ്പ്ലിമെന്റേഷന്‍ തുടങ്ങി, ഇവിടുത്തെ ഈ മുന്നോക്കന്‍ എന്തിനാണ്‍് ഈ ഒ.ബി.സിയുടെ പുറകെ മാന്തി നടക്കുന്നത്. ബ്രാഹമണ-ക്ഷത്രിയ-ഫ്യൂഡല്‍-മത- ഏകാധിപത്യ ഭരണത്തില്‍ പണ്ട് ഒ.ബി.സിയെ (ഇവിടെ ഞാന്‍ ഉദ്ദേശിക്കുന്നതു ഹിന്ദു മതത്തിലെ ഒ.ബി.സിയെയാണ്) എളുപ്പത്തില്‍ അടിച്ചമര്‍ത്തിയതിന്റെ സ്മരണകള്‍ മുന്നോക്കന്റെ ബോധമണ്ഡലത്തില്‍ എവിടെയോ കിടന്നു വിങ്ങുന്നു. ജനകീയ ഭരണ പ്രസ്ഥനങ്ങള്‍ ആ സ്മരണകള്‍ക്കു കൂച്ചുവിലങ്ങിടുമ്പോള്‍, ജല്പനങ്ങള്‍ കൊണ്ട് പോര്‍വിളീ നടത്തുകയാണ്‍് നല്ലതെന്നു അവരുടെ സബ്-നോര്‍മല്‍ ബുദ്ധി അവരെ ഉപദേശിക്കുന്നു.

മതത്തിന്റ്യും ദൈവത്തിന്റയും അടയാളങ്ങളെന്നു പറഞ്ഞ് ചാന്തുപൊട്ടും, കുറിയും, ളോഹയും അണിഞ്ഞ് മാന്യതയുടെ കുമ്മായം പൂശിനടന്നാല്‍ പോരാ, യദ്ധാര്‍ഥ മാന്യതയും സഹവര്‍ത്തിത്വവും മനസിലാക്കാന്‍ കഴിയുന്ന ഒരു നോര്‍മല്‍ബുദ്ധി നേടാന്‍ ശ്രമിക്കൂ, അവിടുത്തെ മുന്നോക്കര്‍. അതു വഴി വരും കാല തലമുറയെയെങ്കിലും സിവിലൈസ്ഡ് ആക്കാന്‍ ശ്രമിക്കു.